എന്റെ ജന്മദിനം

Standard

എന്റെ ജന്മദിനം എന്നെ സ്വസ്ഥയാക്കുന്നു

അന്ന്….

ഇളം നീല വരകളുള്ള വെളുത്ത കടലാസ്സില്‍

നിന്റെ ചിന്തകള്‍ പോറി വരച്ചു

എനിക്ക് നീ ജന്മദിനസമ്മാനം തന്നു.

തീയ്യായിരുന്നു നിന്റെ തൂലികത്തുമ്പില്‍.

എന്നെ ഉരുക്കാന്‍ പോന്നവ

അന്ന്, തെളിച്ചമുള്ള പകലും

നിലാവുള്ള രാത്രിയുമായിരുന്നു.

ഇന്ന്, സൂര്യന്‍ കെട്ടുപോവുകയും

നക്ഷത്രങ്ങള്‍ മങ്ങിപ്പോവുകയും ചെയ്യുന്നു.

കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും

അനിയന്റെ ആശംസകള്‍ക്കും

അമ്മ വിളമ്പിയ പാല്‍ പായസത്തിനുമിടയ്ക്ക്

ഞാന്‍ തിരഞ്ഞത്

നിന്റെ തൂലികയ്ക്ക് വേണ്ടിയായിരുന്നു

നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക.

ഒടുവില്‍, പഴയ പുസ്തകക്കെട്ടുകല്‍ക്കിടയ്ക്കു നിന്ന്

ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍

അതിന്റെ തുമ്പിലെ അഗ്നി

കെട്ടുപോയിരുന്നു!

നന്ദിതയുടെ കവിതകള്‍ (1988)

നീ ചിന്തിക്കുന്നു

Standard

നീ ചിന്തിക്കുന്നു
നിനക്ക് കിട്ടാത്ത സ്നേഹത്തെ കുറിച്ച്.
നിനക്ക് ഭൂമിയാണ്‌ മാതാവ്
നിന്നെ കരള്‍ നൊന്തു വിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അലയുകയാണ്.
പിതാവിനെത്തേടി,
മാതാവിനെ ഉപേക്ഷിച്ച്…..
ഹേ മനുഷ്യാ, നീയെങ്ങോട്ടു പോയിട്ടെന്ത്?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു…
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കാവില്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട് ക്ഷമിക്കൂ.

–നന്ദിതയുടെ കവിതകള്‍ (1986)

നിന്റെ മൂഡതയോര്ത്ത്

Standard

നിന്റെ മൂഡതയോര്‍ത്ത്

ലോകം അട്ടഹസിക്കുന്നു;

നിന്നെ ഭ്രാന്തിയെന്ന് വിളിക്കുന്നു.

ആ കൂര്‍മ്മ നേത്രങ്ങള്‍ ഒന്നും കാണുന്നില്ല.

നിന്നെയവര്‍ കാണുന്നില്ല.

നീ അകലെയാണ്

ആയിരം കാതങ്ങള്‍ക്കുമപ്പുറത്ത്.

അവരുടെ കണ്ണുകള്‍ നിന്നെ കാണുമ്പോള്‍

നീ അട്ടഹസിക്കുകയാണ്.

നിന്റെ മൂഡതയോര്‍ത്തല്ല;

അവരുടെ മൂഡതയോര്‍ത്ത്…

നന്ദിതയുടെ കവിതകള്‍ (1986)