ഇരുട്ടത്ത്‌ ചോറ് കൊടുത്ത്….

Standard

നമുക്കവളെ ഇരുട്ടത്ത് ചോറ് കൊടുത്ത് വെളിച്ചത്തു കിടത്താംനിറമിഴികള്‍ തുടച്ചുകൊണ്ട് പപ്പ പറഞ്ഞു. ചോര്‍ന്നൊലിക്കുന്ന എന്റെ കണ്ണുകള്‍കരച്ചിലിന് അറുതി വരുത്തിക്കൊണ്ട് വലിയ ഒരു തേങ്ങലോട് കൂടി ഞാന്‍ അതിനു സമ്മതിച്ചു.

അവള്‍ ഒരു മൂലയില്‍ നിന്ന് കൊണ്ട് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. മങ്ങിയ വെളിച്ചത്തില്‍ അവളുടെ പല്ലുകള്‍ തിളങ്ങി, എന്റെ കണ്ണുകളും. അവളെന്നെ തളര്‍ത്തിയതായി എനിക്ക് തോന്നി.

എന്റെ തിരിച്ചു വരവ്…… ഞാന്‍ ശബ്ദമുയര്‍ത്തി വളരെ ഉച്ചത്തില്‍ തേങ്ങല്‍ മറച്ചുകൊണ്ട് പറഞ്ഞു “പപ്പ പറഞ്ഞത് കേട്ടില്ലേ? നീ ചോറ് തിന്നുമ്പോ ഞാന്‍ ലൈറ്റ് ഓഫാക്കും“. അവള്‍ അവളുടെ മുഖത്തെ ചിരി മായാതെ, വലതു പുരികം മാത്രം മുകളിലേക്ക് ഉയര്‍ത്തിക്കൊണ്ട് ചോദിച്ചു ഞാന്‍ ചോറ് തിന്നുമ്പോ ലൈറ്റ് ഇടും, അപ്പോഴോ..?” “ഞാനത് പിന്നേം ഓഫാക്കുംഎന്ന് പറയുമ്പോഴും എന്റെ തേങ്ങല്‍ മാറിയിട്ടുണ്ടായിരുന്നില്ല.

ഞാനത് അമര്‍ത്തിപ്പിടിക്കും, എന്നിട്ട് ഉമ്മാട് എനിക്ക് ചോറ് വാരിത്തരാന്‍ പറയും…” അവള്‍ പിന്നെയും പറഞ്ഞു. ഞാന്‍ ഉമ്മാടെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി. ഞാനിതില്‍ ഒന്നിലും ഇല്ല എന്ന മട്ടില്‍ ഉമ്മയും.

യുദ്ധമെങ്കില്‍ യുദ്ധം…. ഞാനൊന്നലോചിച്ചുകൊണ്ട് പറഞ്ഞു ഞാന്‍ മെയിന്‍ സ്വിച്ച് ഓഫാക്കും“. അവളാണല്ലോ മൂത്തത് അത്കൊണ്ട് അവളാണല്ലോ ശക്ത; അവളും ഒപ്പത്തിനൊപ്പമായിരുന്നു. എന്റെ അടുത്തേക് നടന്നു കൊണ്ട് പറഞ്ഞു ഞാന്‍ മെഴുകുതിരി കത്തിച്ചു വെക്കും“. എന്നിട്ട് ചോദിച്ചു നീ എന്ത് ചെയ്യും? ഉറങ്ങുമ്പോ ലൈറ്റ് ഓണാക്ക്വോ? ഞാനത് ഓഫാക്കും.. അപ്പൊ നീ എന്ത് ചെയ്യും എന്നെനിക്കു ഒന്ന് കാണണം“. “പറ്റില്ല ഞാന്‍ അത് അമര്‍ത്തിപ്പിടിക്കും

അവളുടെ മുഖത്ത് പിന്നെയും പുഞ്ചിരി അമര്‍ത്തിപ്പിടിച്ചിരുന്ന് നീ ഉറങ്ങില്ലേ? അപ്പൊ ഞാന്‍ അത് ഓഫാക്കുംഎന്റെ കണ്ണുകള്‍ നിറഞ്ഞു ഞാന്‍ ഉറങ്ങില്ല

നീ ഉറങ്ങും

ഇല്ല ഞാന്‍ ഉറങ്ങില്ല..”

നമുക്ക് നോക്കാം…”

ഞാനറിയാതെ എന്റെ കണ്ണുകളിലെ ആ തിളക്കം ഒരു ഉറവയായി മാറി. ഞാന്‍ പിന്നെയും തേങ്ങിക്കരയന്‍ തുടങ്ങി പപ്പാ.. അവളെ അടിക്കു പപ്പാ..”

വിസ്മരിക്കുവാന്‍ കഴിയാത്ത ബാല്യം. ഇന്ന് ഞങ്ങള്‍ രണ്ടു പേര്‍ക്കും ചിറകുകള്‍ മുളച്ചിരിക്കുന്നു. പക്ഷെ ഓര്‍ക്കുമ്പോള്‍ ഇന്നും എന്റെ കണ്ണുകള്‍ നനയും. അന്ന് തോറ്റതിന്റെ വേദനയല്ല; ഇന്ന് അങ്ങിനെ തോല്‍ക്കാന്‍ സാധിക്കുന്നില്ല എന്നതിന്റെ സങ്കടമാണ്. അല്ലെങ്കില്‍ വലുതായിപ്പോയി എന്നത് കൊണ്ട് ഇങ്ങിനെ ഒന്നും ഉണ്ടാവുന്നില്ല എന്നതിന്റെ വിഷമമാണ് മനസ്സ് നിറയെ, അതാണ്‌ എന്നെ കരയിക്കുന്നത്‌.

പലതും നേടി എന്നവകാശപ്പെടുന്ന എന്റെ മനസ്സിന്റെ നഷ്ടങ്ങള്‍….. ഇനിയും വേണമെന്നാഗ്രഹിക്കുന്ന സ്വപ്‌നങ്ങള്‍.. ഒരിക്കല്‍ കൂടി ആ നിമിഷങ്ങള്‍ ജീവിതത്തിലേക്ക് കടന്നു വന്നിരുന്നെങ്കില്‍ എന്നാ ആഗ്രഹത്തിന് അര്‍ത്ഥമില്ലെന്നറിയാം, പക്ഷെ ആ ആഗ്രഹം ഞാനെന്റെ മനസ്സില്‍ സൂക്ഷിക്കുന്നു………

ഇത് എന്റെ പ്രിയപ്പെട്ട സഹോദരിക്ക്……”

Missing you my dear sister….. missing you alooot…

  • Jalib Akther M.K

ചില്ലുകഷ്ണങ്ങള്‍ III

Standard

ഇരുളില്‍ ചലിക്കാത്ത ഇല

പോലെ നില്‍ക്കുന്നു ഞാന്‍,

പൂര്‍ണ്ണ ചന്ദ്രനെങ്കിലും

ഗ്രഹണം ബാധിച്ചിരിക്കുന്നു.

ഒരു നിഴലിനായ് കാത്തു നില്‍ക്കുന്നു

ഞാനൊരു വേഴാമ്പലിനെപ്പോലെ.

ഞാനിപ്പോഴും അലയുന്നു,

അസ്ഥിത്വം നഷ്ടപ്പെട്ടവനെപ്പോലെ.

ഓരോ ദിവസത്തിന്റെയും

പ്രത്യേകതകലെന്നെ വേദനിപ്പിക്കുന്നു;

ഉദയ സൂര്യന്റെ ആത്മീയതയിലാണ്

എന്റെ സന്തോഷം മുഴുവന്‍.

കത്തണം എനിക്കിനിയൊരു

മെഴുകു തിരി നാളം പോലെ,

ജ്വലിക്കണം എനിക്കിനി

സൂര്യനെ പോലെ;

പക്ഷെ, കത്തിയെരിയാനല്ല.

Jalib Akther M.K

ചില്ലുകഷ്ണങ്ങള്‍ – ജന്മദിനം

Standard

ഇതൊരു കവിതയല്ല, കേവലം ഒരു കുറിപ്പാണ്… മനസ്സില്‍ രൂപപ്പെട്ട ചില്ലുകഷ്ണങ്ങള്‍

ഇന്നാണെന്റെ ജന്മദിനം

ബലൂണുകളും അരങ്ങുകളും ഇല്ല,

പായസവും മിഠയിയും ഇല്ല,

ബഹളങ്ങളും കോലാഹലങ്ങളും ഇല്ല.

ഉരുകി ഒലിക്കുന്ന മെഴുകുതിരിക്കായ്

ഞാന്‍ തിരഞ്ഞു, അതും ഇല്ല.

അതെ, ഞാന്‍ ഒറ്റക്കാണ്.

വെളിച്ചമെങ്ങോ പോയ്മറഞ്ഞു.

ബാല്യകാലം മനസ്സില്‍

മിന്നി മറയുന്നു…..

ഷൂ ലൈസ് കെട്ടുന്നത് മാത്രം

ബുദ്ധിമുട്ടായിരുന്ന കാലഘട്ടം;

അതുമാത്രമായിരുന്നു അന്നെന്റെ പ്രശനം.

ഇന്നോ…? അറിവില്ലെനിക്ക്

ഞാന്‍ പോലുമറിയാത്ത

എന്റെ പ്രശ്നങ്ങള്‍, കാരമുള്ളുകള്‍.

മോഹമെന്ന കവിതയാനെന്റെ

മനസ്സ് നിറയെ….

ഹോം വര്‍ക്ക് ചെയ്യാത്തതിനാല്‍

സ്കൂളില്‍ പോകുവാന്‍ മടിച്ച നാളുകള്‍,

പത്തു പത്ത് പൈസ മിഠയി

പങ്കിട്ടെടുത്ത നാളുകള്‍.

ഓര്‍ക്കുമ്പോള്‍ മനസ്സില്‍

വേദന നിറഞ്ഞ സുഖം.

വെറുപ്പെന്തെന്നറിയാത്ത

മിഠയി തട്ടിപ്പറിക്കുന്നവനോട്

മാത്രം ദേഷ്യപ്പെട്ട,

ആ ഇളം മനസ്സിനോട്

എന്റെ ഏറ്റുപറച്ചില്‍;

മാറിയിരിക്കുന്നു നീ

നീ ഒരു…………

പാറക്കല്ലായ്, ചെകുത്താനായ്

മാലഖയായ്, മനുഷ്യനായ്.

എങ്കിലും പഴയ സൌന്ദര്യം

നിന്നില്‍ തുളുമ്പി നില്‍ക്കുന്നു.

വ്യാഴം രണ്ടാംവട്ടവും ഓട്ടം തുടരുന്നു,

എങ്ങോട്ടെന്നില്ലാതെ…….

പറ്റിക്കപ്പെടുകയാണോ….?

അല്ല, കാരണമത് തന്നെയാണ്

അതിന്റെ ധര്‍മ്മവും, കര്‍മ്മവും.

ദൈവമേ നിനക്കൊരായിരം സ്തുതി;

എന്നെ ഞാനാക്കി മാറ്റിയ

നിന്റെ മുന്നില്‍ എന്റെ

ആത്മ പ്രണാമം…..


“- ഏകാന്തതയുടെ കണ്ണുനീരാണ് എന്റെ വാക്കുകളുടെ അസ്ഥിത്വം.”

Jalib Akther M.K

ചില്ലുകഷ്ണങ്ങള്‍

Standard

നേരമില്ലെനിക്ക് പ്രണയിക്കുവാന്‍;
നൊമ്പരപ്പെടാനല്ലാതെ എന്തിന്?
ജീവിതമെന്നെ നൌക തുഴയുവാനോ?
ഈരേഴു പതിനാലു ലോകത്തിനുമപ്പുറം
മനക്കോട്ട കെട്ടുവാനോ…?
വിഡ്ഢിത്തം………..
ആരോ വന്നു കാതില്‍ എന്നോട് പറഞ്ഞു,
ഒരു നിമിഷം.. എനിക്ക് നിന്നെ ഇഷ്ടമാണ്.
മന്ദഹാസം…………….

— Jalib Akther M.K

ഒരു പുലര്‍കാലയാമത്തില്‍

Standard

ഉള്ളില്‍ നിന്നും മുഹമ്മദ്‌ റാഫിയുടെ മനോഹരമായ സ്വരം “ചൌദ് വീന്‍ കാ ചാന്ദ് ഹോ……”; ഉമ്മറത്ത് പഴയകാല സ്മരണക്കായ്‌ തൂക്കിയിട്ടിട്ടുള്ള ഒരു കൊച്ചു മണി. പിച്ചളക്കെട്ടുള്ള രണ്ടു പാളി വാതിലില്‍, അതില്‍ ആന്റിക് സ്റ്റൈലില്‍ കൊത്തുപണികള്‍ ഉള്ള അതിമനോഹരമായ ഒരു മണിച്ചിത്രപ്പൂട്ട്. പഴയ കാലത്തെ അനുസ്മരിപ്പിക്കും വിധം ഭംഗിയുള്ള ചുവരുകള്‍. ഉമ്മറപ്പടിയില്‍ മാണിക്ക്യക്കല്ലുകള്‍ വിരിച്ചത് പോലെ ഭംഗിയുള്ള ചുവന്ന ഗ്രാനയ്റ്റ്. പഴക്കം നോക്കിയാല്‍ ഒരു പത്തു പതിനെട്ടു വര്‍ഷം
കാണും.

 

വാതില്‍ പൂട്ടിയിട്ടില്ല. പതുക്കെ തള്ളിയാല്‍ താനേ തുറക്കും. വാതില്‍ ഒന്ന് തള്ളിയപ്പോള്‍…….

 

മാര്‍ബിള്‍ കൊണ്ട് മനോഹരമാക്കിയ നിലം. മുകളില്‍ തൂക്കിയിട്ടിട്ടുള്ള മനോഹരമായ വിളക്ക്. അതിന്റെ ഡിസൈന്‍ കൊണ്ട് മനോഹരമാക്കിയ ഇറാനി കാര്‍പെറ്റിന് മുകളില്‍ ഭംഗിയില്‍ അറേഞ്ച് ചെയ്തിട്ടുള്ള ഒരു സെറ്റി. പക്ഷെ, അവിടിവിടങ്ങളിലായി പൊടിയും മാറാലയും, ചിലന്തിയും പല്ലിയും, വണ്ടുകളും പാറ്റകളും. ചുവരില്‍ വിള്ളല്‍ വീണിരിക്കുന്നു. ഒരു മൂലയില്‍ പൊടി പിടിച്ച കൃത്രിമ ചെടി. കാറ്റ് കടത്തി വിടാതെ അടഞ്ഞിരിക്കുന്ന ജനവാതില്‍; അതിന്റെ ചില്ലിലൂടെ വരുന്ന വെളിച്ചം പോലും തടസ്സപ്പെടുത്തിയിരിക്കുന്നു, ഒരു കര്‍ട്ടന്‍. എപ്പോഴും കറങ്ങി കൊണ്ടിരിക്കുന്ന ഒരു പഴയ ഫാന്‍. പിന്നെയും മുന്നോട്ട് നടന്നു……

 

കുറേ വാതിലുകള്‍…. ചുറ്റും നോക്കിയാല്‍, ഷോകേസില്‍ അഹങ്കാരത്തോട് കൂടി ഇരിക്കുന്ന പുരസ്കാരങ്ങളും പ്രശംസീ പത്രികകളും; കളിക്കാതെ എടുത്തു വച്ചിട്ടുള്ള സുന്ദരിയായ ഒരു പാവയും കളിക്കോപ്പുകളും. ഒരു മൂലയില്‍ ടി.വി ഇരിക്കുന്നു. അതിനു മുന്നില്‍ 3 അടി പൊക്കമുള്ള ഒരു ടീപോയി.
കസേരകള്‍ നിരത്തി ഇട്ടിട്ടുണ്ട്. വലത്തോട്ട് തിരിഞ്ഞാല്‍ കാണുന്ന ഒരു ഇരുണ്ട, വെളിച്ചം കടക്കാത്ത, ഇടുങ്ങിയ ഇടനാഴികയിളുടെ മുന്നോട്ടു പോയി……..

 

ഒരു ഇടുങ്ങിയ മുറി. ഒരു പത്തായമാണോ എന്ന് സംശയിച്ചു പോകും. ഒരു കട്ടിലുണ്ട്, ഒരു മേശയുണ്ട്, ഒരു കൊച്ചു അലമാരിയും. ഭംഗിയില്‍ വിരിച്ച ബെഡ്ഷീറ്റിനു മുകളില്‍ കുഴചിട്ടിരിക്കുന്ന പുതപ്പും ഡ്രെസ്സുകളും. അലമാരി നിറയെ ചിട്ടയിലും ഭംഗിയിലും അടക്കി വച്ചിരിക്കുന്ന പുസ്തകങ്ങള്‍. മേശപ്പുറത്ത് അശ്രദ്ധയില്‍ വലിച്ചിട്ടിരിക്കുന്ന പുസ്തകങ്ങള്‍, കുന്നുകൂട്ടിയിട്ടിരിക്കുന്ന മാസികകള്‍. വ്യക്തമായി കാണാവുന്നത്‌ ഒരു ലാപ്ടോപ്, ഒരു മൊബൈല്‍, കുറേ പെര്‍ഫ്യും കുപ്പികള്‍, പലതരം അത്തറുകള്‍. ഈ ലാപ്ടോപില്‍ നിന്നാണ് പാട്ട് കേള്‍ക്കുന്നത്. ചിട്ടയില്ലാതെ ജനല്‍പടിയില്‍ അടക്കി വച്ചിരിക്കുന്ന പുസ്തകങ്ങള്‍, നന്നായി പൊടി പിടിച്ചിട്ടുണ്ട്, കണ്ടാല്‍ അറിയാം എടുത്തിട്ട് കാലങ്ങളായി.

 

തുറന്നിരിക്കുന്ന ലാപടോപിനു മുന്നില്‍ വാര്‍ധക്യ ഭാധിക്കാത്ത ഒരു വൃദ്ധന്‍ ഇരിക്കുന്നു. നരക്കാത്ത താടിയും മുടിയും, ഫ്രെയിം ഇല്ലാത്ത ഒരു കണ്ണട. ചിന്തയിലാണ്, ക്രിയെടിവിടിക്ക് വേണ്ടി തെണ്ടുകയാണ്‘. ലാപ്ടോപില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ട്. ഇടയ്ക്കു ഒരു പേന കയ്യിലെടുത്തു എന്തോ തടഞ്ഞിരിക്കുന്നത്‌ കടത്തിവിടാന്‍ വേണ്ടി എന്ന പോലെ പിരടിയില്‍ ചുരണ്ടിക്കൊണ്ടിരിക്കുന്നു.

 

The mind is its own place, and in itself can make a heaven of hell, a hell of heaven

-John Milton

 

ഞാനിവിടെ എന്തിനെക്കുറിച്ചാണ് സംസാരിച്ചത്..? എന്റെ വീടിനെക്കുറിച്ചാണ് എന്ന് കരുതിയെങ്കില്‍….. ഞാനുദ്ദേശിച്ചത്… ഞാനിത്രയും പറഞ്ഞു നിര്‍ത്തിയത് എന്റെ മനസ്സിനെക്കുറിച്ചാണ്. ഞാന്‍ ചിന്തിക്കുന്ന, എന്റെ ചിന്തകള്‍ക്ക് വിസ്ഫോടനം സംഭവിച്ച സ്ഥലത്തെക്കുറിച്ച്. ഞാന്‍ സ്വപ്നം കാണുന്ന ഇടം, എന്റെ ഭാവനയുടെ നിറക്കൂട്ട്‌, എന്റെ ആത്മാവിന്റെ കേന്ദ്രം. ഞാന്‍ സങ്കടപ്പെടുന്നതും, സന്തോഷിക്കുന്നതും; എന്റെ എല്ലാ വികാരങ്ങളുടെയും ഉറവിടമായ അവിടെയാണ്. അവിടെ തന്നെയാണ് ഞാന്‍ വളര്‍ന്നതും ഇത്രയും വലുതായതും. എന്റെ ഹൃദയത്തിന്റെ അധ്യാപകന്‍, ഭിഷഗ്വരന്‍. എന്നോട് സ്നേഹിക്കുവാനും ദേഷ്യപ്പെടുവനും പറയാറുള്ളതും ഇവന്‍ തന്നെ. എന്നിലെ ദൈവീക അംശം.

 

എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം, മനിസ്സില്‍ പ്രണയത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ്. വെറും പ്രണയമല്ല; സത്യസന്തത നിറഞ്ഞ പ്രണയം, കള്ളവും കാപട്യവുമില്ലാത്ത പ്രണയം. ഘൂടമായ ഉദ്ദേശങ്ങള്‍ ഇല്ലാത്ത പ്രണയം. എല്ലാ അര്‍ത്ഥങ്ങളും ഉള്‍കൊള്ളുന്ന പ്രണയം. മഴവില്ല് പോലെ മനോഹരമായ പ്രണയം. ചിറകുകള്‍ക്ക് ആകാശം കാണിച്ചു കൊടുക്കാന്‍ തക്ക ശക്തിയുള്ള പ്രണയം. പരസ്പരം സന്തോഷിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്ന പ്രണയം. ഇണക്കങ്ങളും ചെറിയ പിണക്കങ്ങളുമുള്ള പ്രണയം. ആ പ്രണയത്തെ കുറിച്ച് പറയാന്‍ ഭാഷയില്‍ വാക്കുകളുടെ പോരായ്മ എന്നെ നിസ്സഹായനാക്കുന്നു.

 

പക്ഷെ, ഇത്രയും നാളത്തെ അലച്ചിലിലും എങ്ങും കണ്ടില്ല ഞാനത്, അതിന്റെ ഒരു കണിക പോലും എനിക്ക് കാണുവാന്‍ കഴിഞ്ഞില്ല; ഒരു സ്ഥലത്തൊഴിച്, ആദ്യം ഞാന്‍ വിവരിച്ച എന്റെ ആ മനസ്സിലൊഴിച്ച് വേറെ എവിടെയും ഞാന്‍ കണ്ടില്ല അത്തരത്തില്‍ ഒരു പ്രണയം.

 

ഒരു പ്രണയത്തെ കണ്ടെത്തുവാനുള്ള വിഫലമായ ആ ശ്രമത്തെ ഞാന്‍ ഇവിടെ ഉപേക്ഷിക്കുന്നു. അതിനെ ഞാന്‍ എന്റെ മനസ്സിലെ ഇരുട്ട് നിറഞ്ഞ ഒരു മണ്‍ഡകത്തില്‍ അടച്ചു പൂട്ടിയിടുന്നു. ഒപ്പം എന്റെ തൂലികയെ ഞാന്‍ വലിച്ചെറിയുന്നു, വെറും മണ്ണിലേക്ക്. കാരണം പ്രണയത്തോട് അഭിനിവേശമില്ലാതെ, പ്രണയമില്ലാതെ എനിക്കതിനെ ചലിപ്പിക്കാനാകില്ല. ചലനമറ്റുപോയിട്ടില്ലാത്ത ആ തൂലികയെ ഒരിക്കല്‍ കൂടി ഞാന്‍ കയ്യിലെടുക്കുമെന്ന് എന്റെ മനസ്സെന്നോട് പറയുന്നു………… മന്ദഹാസം…………..

 

  • Jalib Akther M.K

8th of October 2011