ആരോടും പറയാത്ത കഥ

Standard

ഞാന്‍ ഇതെഴുതാന്‍ ഇരിക്കുമ്പോള്‍ സമയം രാത്രി ഒന്നര. ഈ പച്ചപ്പാതിരാക്ക് ഒരു വാചകം എന്റെ മനസ്സൊന്നു പിടിച്ചു കുലുക്കി; “നിനക്ക് ഞാന്‍ പറയുന്ന ഒരു കാര്യമെങ്കിലും അനുസരിച്ചുടെ?”. വെറുതെ അങ്ങിനെ ഒരു കുലുക്കല്‍ അല്ല.. മനസ്സിനെ ചുഴറ്റി എറിഞ്ഞത് പോലെ. കാരണം ഒന്ന് രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഇതേ വാചകം ചോദിച്ചിരുന്നു, ശരിയാണ് ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്.. ഞാന്‍ ഇങ്ങിനെയാണ് ചോദിച്ചിരുന്നത് “നിനക്കെന്നെ ഒന്ന് അനുസരിചാലെന്താ?” വിരസമായ ഒരു മൂളലാണ് മറുപടി. കേട്ടു കഴിഞ്ഞാല്‍ എത്ര ക്ഷമയുള്ളവനും കയ്യൊന്നു തരിച്ചു പോകും.

വ്യക്തതയാര്‍ന്ന ചോദ്യങ്ങള്‍ക്ക് വിരസമായ മറുപടി….. കുറെ കാലം കേട്ടിരുന്നു. എല്ലാതും കൂടെ ഒരു ദിവസം അങ്ങ് പൊട്ടിത്തെറിച്ചു. അവളുടെ മുഖം അടിച്ചു ഷേപ്പ് മാറ്റണം എന്നാണ് മനസ്സില്‍ ഉണ്ടായിരുന്നത്, പക്ഷെ അത് വാക്കുകളില്‍ ഒതുങ്ങി. എന്നിട്ടും ഞാന്‍ തണുക്കാന്‍ വളരെ അധികം ശ്രമിച്ചു. ഒരു പരിധി വരെ എനിക്കതിനു സാധിക്കുകയും ചെയ്തു. പക്ഷെ എന്തോ, അതെന്റെ അവള്‍ക്കായുള്ള അവസാനത്തെ കാള്‍ ആയിരുന്നു. അതിനു ശേഷം ഞാന്‍ അവള്‍ക്കു വിളിച്ചിട്ടില്ല.. അവളെനിക്കും.

ഇന്ന് ഞാന്‍ ഈ ചോദ്യവും ഉത്തരവും കണ്ടപ്പോള്‍ ഒരു നിമിഷം എന്റെ ഹൃദയമിടിപ്പ്‌ നിന്നത് പോലെ. പക്ഷെ അത് നിന്നതല്ല അതിന്റെ സ്പീഡ് കൂടിയതാണ് എന്നെനിക്കു മനസ്സിലായി. കുടുംബ ചിത്രങ്ങളിലെ ക്ലൈമാക്സ്‌ പോലെ ഓരോ രംഗങ്ങളും എന്റെ മനസ്സില്‍ ഫ്ലാഷ് ബാക്കായി വന്നുകൊണ്ടിരുന്നു. മനസ്സിനൊരു വിങ്ങല്‍, ഒന്ന് വിളിച്ചു സംസാരിക്കാം എന്ന് വച്ചാല്‍ സമയം വയ്കിയത് കൊണ്ട് എല്ലാവരും ഉറങ്ങിക്കൊണ്ടിരിക്കുകയാവും. ഇനി അഥവാ എണീറ്റിരിക്കുകയാണെങ്കില്‍ തന്നെ ആരോട്?

ഇന്ന് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനോട് എന്തോ ചോദിച്ചപ്പോ അവന്‍ പറഞ്ഞു “നമ്മള് പാവം.. നമ്മളെ വിഷമങ്ങളൊന്നും പറയാന്‍ ആരും ഇല്ലല്ലോ..” “അതിനല്ലെട ഞാന്‍ .. നിനക്കെന്നോട് പറഞ്ഞുടെ?” ഞാന്‍ ചോദിച്ചു… പക്ഷെ അതിനുള്ള അവടെ മറുപടി ഒരു മുര്‍ച്ച കുറഞ്ഞ കത്തി എടുത്തു എന്നെ അറുക്കാന്‍ ശ്രമിക്കുന്നത് പോലെ ആണ് എനിക്ക് തോന്നിയത്. അവന്‍ പറഞ്ഞു “അതിനു നീ വിഷമം കേള്‍ക്കുന്നത് എന്നെ കളിയാക്കനല്ലേ.. അത് മാത്രമല്ലേ നിനക്ക് അറിയൂ.” ഒരു നിമിഷം ഞാന്‍ ആകെ തകര്‍ന്നു പോയി. എനിക്കെന്തോ മാനസികമായി വല്ലാത്ത ബുദ്ധിമുട്ട് തോന്നി. അവനോടു ഇനി സംസാരിക്കണ്ട എന്ന് വരെ തോന്നി.

പിന്നെയും ആ പഴയ മാനസികവസ്തയിലേക്ക് തന്നെ വന്നെങ്കിലും എനിക്കവനോട് ഒന്നും സംസാരിക്കാന്‍ ഇല്ലാത്തതു പോലെ തോന്നി. അവസാനം ഞങ്ങള്‍ ബൈ പറഞ്ഞു പിരിഞ്ഞെങ്ങിലും ഞാന്‍ അതെക്കുറിച്ച് ആലോചിച്ചു കൊണ്ടേ ഇരുന്നു.. എന്താണ് അവന്‍ അങ്ങിനെ പറഞ്ഞത്. അവന്‍ പറഞ്ഞിട്ടുള്ള ഒരു കാര്യത്തെ കുറിച്ചും ഞാന്‍ അവനെ പറഞ്ഞു കളിയാക്കിട്ടിയില്ല… ഇന്ന് വരെ .. എനിക്ക് നൂറു ശതമാനം ഉറപ്പാണ്. അവന്‍ എന്നെ കളിയാക്കാറുണ്ട് എന്നത് ഒരു സത്യമാണ് എങ്കിലും ഞാന്‍ അതെക്കുറിച്ച് അവനോടു ചോദിച്ചിട്ടില്ല ഇന്നുവരെ, അത് ഒരു തമാശാ രൂപത്തില്‍ തന്നെ ആണ് എടുത്തിട്ടുള്ളതും.

വളരെ അടുത്താണ് ഞാന്‍ ശരിക്കും സൗഹൃദം എന്താണ് എന്നറിയുന്നത്. ഇന്നലെ വരെ ഞാന്‍ കരുതിയിരുന്നത് എന്റെ കൂട്ടുകാര്‍ എന്നെ കൂട്ടത്തില്‍ കൂട്ടാറില്ല എന്നാണ്. അവര്‍ എന്നെ കെയര്‍ ചെയ്യാറില്ല എന്നായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ മനസിലാക്കുന്നു ഞാന്‍ അവരോടൊപ്പം കൂടാത്തത് കൊണ്ടാണ് എനിക്കങ്ങിനെ തോന്നിയിരുന്നത് അല്ലാതെ അവരെന്നെ കൂട്ടത്തില്‍ കൂട്ടാത്തത് കൊണ്ടല്ല, ഞാന്‍ മാറി നിന്നിരുന്നത് കൊണ്ടാണ് എന്ന് മനസ്സിലായി. ഞാന്‍ സൗഹൃദം ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു.

എനിക്കറിയാം കുറെ ഏറെ പേര്‍ക്ക് എന്നെ ഇഷ്ടമല്ല എന്ന്, എന്നിട്ടും ഇഷ്ടമാണെന്ന് ഭാവിക്കുന്നവരും ഉണ്ട്. എനിക്ക് മനസ്സില്‍ തോനുന്നത്, എനിക്കവരെ നോക്കേണ്ട കാര്യമില്ല എന്നാണ്. കാരണം എന്നെ വളരെ ഏറെ ഇഷ്ടപ്പെടുന്നവരും ഉണ്ട്. കാല യവനികയില്‍ മറയുമ്പോഴും ആരോടും ഒരു തരത്തിലുള്ള വെറുപ്പും ഉണ്ടാകരുതേ എന്ന് ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്. ഈ ഇത്തിരിയില്ലാത്ത ജീവിതത്തില്‍ മറ്റുള്ളവരോടുള്ള ദേഷ്യവും പേറി അത് ആ ആറടി മണ്ണിലേക്ക് എടുത്തു കൊണ്ട് പോകേണ്ട കാര്യമില്ലല്ലോ.

ഒരാള്‍ക്ക്‌ മറ്റൊരാളെ പറ്റിക്കാം, പക്ഷെ പറ്റിച്ച ഈ ആള്‍ ഓര്‍ക്കണം അയാള്‍ പറ്റിക്കപ്പെട്ടത് അയാള്‍ പൊട്ടനായത്‌ കൊണ്ടല്ല, മറിച്ചു തന്നോടുള്ള അവന്റെ വിശ്വാസം കൊണ്ടാണ് എന്ന്. ഒന്നര വ്യാഴവട്ടക്കാലം ഈ ഭുമിയില്‍ ജീവിച്ച എനിക്ക് ഒരു പാട് പറ്റിക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്, എല്ലാവരെയും പോലെ. അപ്പോഴെല്ലാം ഒരു മങ്ങിയ ചിരി എന്റെ മുഖത്ത് മായാതെ നിര്‍ത്താന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഈശ്വരാനുഗ്രഹം.

ഇത്രെയും എഴുതി കഴിഞ്ഞ് ഞാന്‍ ഇത് ഒന്ന് കൂടെ വായിച്ചു നോക്കിയപ്പോള്‍ ഇതൊരു ബ്ലോഗ്‌ ആയിട്ടു എനിക്ക് തന്നെ തോന്നിയില്ല. ഇതൊരു പ്രത്യേക തലക്കെട്ടിനു കീഴില്‍ സംസാരിച്ചതല്ല, ചര്‍ച്ച ചെയ്യുന്നതുമല്ല. ഇതെന്റെ മനസ്സാണ്, എന്റെ മനസ്സിലെ ചില ലിഖിതങ്ങള്‍, ആരോടും പറയാത്ത കഥകള്‍ കുറിച്ച് വച്ച താളുകള്‍…………

ഒരുനാളവിടം വളരെ വാചാലമായിരുന്നു

Standard

ഒരല്പ്പം കണ്ണീരോടെയാണ് ഞാന്‍ ഇതെഴുതി തുടങ്ങുന്നത്…..Rabees

എന്റെ പ്രിയ സുഹൃത്ത്‌ റബീസിനു എന്റെ ആദരാഞ്ജലികള്‍, ദൈവം അവന്റെ എല്ലാ തെറ്റുകളും പൊറുത്തു കൊടുക്കട്ടെ. അവന്റെ ആത്മാവിനു ശാന്തിയും സമാധാനവും കൊടുത്തു അനുഗ്രഹിക്കട്ടെ. ഇത് റബീസിന്റെ മരണത്തിന്റെ അന്ന് എഴുതി തുടങ്ങിയതാണ് എങ്കിലും അവന്റെ മരണ വാര്‍ത്ത വളരെ വൈകിയാണ് ഞാന്‍ അറിയുന്നത്, അത് കൊണ്ട് ഞാന്‍ ഇത് രണ്ടാമത് മാറ്റി എഴുതുകയാണ്.

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്താം ക്ലാസ് പാസ്സായപ്പോള്‍ വീട്ടുകാര്‍ പറഞ്ഞു എന്ട്രന്‍സ് കോച്ചിംഗ് നു പോകാന്‍. വീട്ടുകാരേക്കാള്‍ താല്പര്യം എനിക്കായിരുന്നു എന്ന് വേണമെങ്കില്‍ പറയാം അല്ലെങ്ങില്‍ അത് തന്നെ ആണ് വാസ്തവം. അങ്ങിനെ ആണ് ഞാന്‍ Prof. PC Thomas Classes ല്‍ ജോയിന്‍ ചെയ്യുന്നത്.

+1 ലെ ക്ലാസ് തുടങ്ങിയപ്പോള്‍ ഞാന്‍ അവിടെ ഒരു ഹോസ്റ്റലില്‍ നിന്നു പഠിക്കാന്‍ തുടങ്ങി. അവിടെ നിന്നാണ് എനിക്ക് റബീസിനെ പരിചയം. റബീസിനു ഒരു ഇരട്ട സഹോദരന്‍ ഉണ്ട് റമീസ്. ഹോസ്റ്റല്‍ ന്റെ ഓര്‍മയില്‍ ആദ്യം എത്തുന്നത്‌ അവരാണ്. അവര്‍ ഇപ്പോഴും ഒരുമിച്ചായിരുന്നു. ഫുള്‍ ടൈം തമാശ അടിച്ചുപൊളി, അവരെ റൂമില്‍ എപ്പോ പോയാലും ജോളി അടിചിരിക്കാമായിരുന്നു. അവര്‍ നടക്കുന്നത് തന്നെ കാണാന്‍ നല്ല രസമായിരുന്നു, മുന്നില്‍ റബീസ് നടക്കും പിന്നില്‍ റമീസ് ഉണ്ടാവും. അത് പോലെ അവരുടെ ഔട്ട്‌-ഫിറ്റ്‌ മറ്റുള്ളവരെ പോലെ, അല്ല എല്ലാം അടിപൊളി ആയിരുന്നു വത്യസ്തമായിരുന്നു. അവരുടെ തല്ലു പിടുത്തം പോലും കാണാന്‍ ഭയങ്കര രസമായിരുന്നു. അവര്‍ രണ്ടു പേരും ഒരുമിച്ചല്ലാതെ ഞാന്‍ കണ്ടിട്ട് തന്നെ ഇല്ല എന്ന് വേണമെങ്കില്‍ പറയാം.

എന്ട്രന്‍സ് പുസ്തകങ്ങള്‍ ഭയങ്കര കയ്പ്പാണ് തിന്നാന്‍ എന്ന് പുസ്തകപ്പുഴുക്കള്‍ പോലും പറയാറുണ്ട്. അപ്പൊ പിന്നെ പുസ്തകം നുണഞ്ഞു മാത്രം നോക്കുന്ന ഞങ്ങളുടെ അവസ്ഥ എന്തായിരിക്കും? പുഴുക്കള്‍ക്ക് അത് തിന്ന ഗുണമെങ്കിലും കിട്ടും, ഞങ്ങള്‍ നുണയുന്നവര്‍ക്ക് കയ്പ്പ് മാത്രം അറിയാം.

കയ്പ്പ് കൊണ്ട് പുസ്തകങ്ങള്‍ മടുത്തു തുടങ്ങിയ സമയത്താണ് തേനിന്റെ മധുരം നല്‍കിക്കൊണ്ട് ആ വര്‍ഷത്തെ റമളാന്‍ വരുന്നത്. എന്റെ ഹോസ്റ്റല്‍ ജീവിതത്തിലെ ഏറ്റവും വലിയ ഓര്‍മ്മ. ഇത് വരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും ഭംഗി ഉള്ള റമളാന്‍. ജീവിതത്തില്‍ ആദ്യമായി കണ്ണീരോടെ യാത്രയാക്കിയ റമളാന്‍. അങ്ങിനെ അങ്ങിനെ നീളുന്നു ആ നോമ്പ് കാലത്തിന്റെ പ്രത്യേകതകള്‍.

എല്ലാ പുസ്തകങ്ങള്‍ക്കും അവധി കൊടുത്ത ഒരു മാസം. സ്കൂള്‍ കഴിഞ്ഞു വന്നാല്‍ ചെയ്തു തീര്‍ക്കനുല്ലതെല്ലാം വേഗം കഴിച്ചു വച്ചിട്ട് (പടിപ്പല്ല എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു) ഒറ്റ കിടത്തം. അവിടന്ന് എണീറ്റ്‌ നോമ്പ് തുറക്കാനുള്ള സാമഗ്രികള്‍ ഒരുക്കാനുള്ള തിരക്കിലേക്ക്; ഞങ്ങള്‍ക്കവിടെ എന്നും ഇഫ്താര്‍ വിരുന്നായിരുന്നു. പിന്നെ എല്ലാവരും കൂടെ ഉള്ള നോമ്പ് തുറ. ഒരു ഉണങ്ങിയ കാരക്കയും ഒരു ഗ്ലാസ് വെള്ളവുമായി വാച്ചില്‍ നോക്കി ഇരിക്കും, അവിടേക്ക് ബാങ്ക് വിളി കേള്‍ക്കില്ല.

നോമ്പ് തുറന്നു കഴിഞ്ഞാല്‍ നേരെ എല്ലാവരും കൂടെ മഗ്രിബ് നമസ്കാരത്തിനായി ജാഷിയുടെ റൂമിലേക്ക്‌. ജാഷി തന്നെ അതിനു നേതൃത്വം കൊടുക്കും. ജാഷി ഇല്ലെങ്കില്‍ ഞങ്ങളില്‍ ആരെങ്കിലും. മനസ്സുരുകിയുള്ള ആ പ്രാര്‍ത്ഥനയ്ക്ക് ശേഷം അവിടെ ഉള്ള എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിക്കും. അത് കഴിഞ്ഞാല്‍ പിന്നെ എല്ലാവരും കൂടെ വട്ടം കൂടി ഇരുന്നുള്ള കത്തി വെക്കലാണ്, മണിക്കൂറുകളോളം. വെറുതെ പൊള്ളയായ ഗോസ്സിപുകളും കുറ്റങ്ങളും പറഞ്ഞിരിക്കുകയാണ് എന്ന് കരുതരുത് ട്ടോ. സാമുഹ്യവും സമകാളികവുമായ കാര്യങ്ങള്‍ തന്നെ. പിന്നെ മെല്ലെ നര്‍മത്തിന്റെ പെട്ടി പൊട്ടിക്കലായി. അങ്ങിനെ വിജ്ഞാനത്തിന്റെ ആ സദസ്സ് നര്‍മ്മത്തിന്റെ സദസ്സാകും സന്തോഷത്തിന്റെ ആ നാളുകള്‍, ഒരു നിമിഷം പോലും ഓര്‍മയില്‍ നിന്ന് മായ്ച്ചുകളയാന്‍ ആഗ്രഹിക്കാത്ത ആ നാളുകളില്‍ നര്‍മ്മത്തിന്റെ മധുരം ഞങ്ങളെ അറിയിച്ച റബീസും റമീസും. അവരില്‍ റബീസ് ഇന്നില്ല. ഒരു ഞെട്ടലോടെയാണ് റബീസിന്റെ മരണ വാര്‍ത്ത എല്ലാവരും അറിഞ്ഞത്. ഇപ്പോഴും വിശ്വാസം വരാത്തത് പോലെ.

കുറെ നേരത്തെ കത്തിക്ക് ശേഷം ഭക്ഷണം കഴിക്കാനായി പിന്നെയും എഴുന്നേല്‍ക്കും. ഞങ്ങള്‍ നോമ്ബെടുക്കുന്ന കുട്ടികള്‍ക്ക് എന്തെങ്ങിലും സ്പെഷ്യല്‍ ഉണ്ടാകാറുണ്ട് അവിടെ. എണീറ്റ്‌ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് ചപ്പാത്തി കുത്തിത്തിരുകി പിന്നെയും ജാഷിയുടെ റൂമിലേക്ക്‌, തറാവീഹ് നമസ്കാരത്തിന്. അതിനു ശേഷമാണു അവിടെ ശെരിക്കും വാചാലമായി തുടങ്ങുന്നത്. രാത്രി പന്ത്രണ്ടു-ഒരു മണി വരെ നീണ്ടു നില്‍ക്കുന്ന വാചകമടി. ഓരോ നിമിഷവും ആസ്വദിച്ചിരുന്ന ആ ദിനങ്ങള്‍ ഒരിക്കല്‍ കൂടെ ലചിക്കണം എന്ന് ആശിച്ചു പോകുന്നു.

പിന്നെയും കഴിക്കനയിട്ടു തന്നെ ആണ് അവിടെ നിന്ന് എഴുന്നേല്‍ക്കുന്നത്‌. ജീരകക്കഞ്ഞി കുടിക്കാന്‍, റമളാനിലെ താരമാണ് ജീരകക്കഞ്ഞി. ഞങ്ങള്‍ക്കവിടെ കിട്ടിയിരുന്നത് ഉപ്പിടാത്ത കഞ്ഞി ആയിരുന്നു, ആ കഞ്ഞിയില്‍ ഉപ്പിടുന്നതയിരുന്നു ഏറ്റവും രസകരമായ സംഗതി. കഞ്ഞി ഗ്ലാസ്സില്‍ എടുത്തു വച്ച് ഒന്ന് തിരിഞ്ഞാല്‍ മതി, പിന്നെ അത് കുടിക്കാന്‍ കൊള്ളില്ല. ഒരു ദിവസം ദീപു കഞ്ഞി എടുത്തു നില്‍ക്കുമ്പോഴാണ് അവന് ഫോണ്‍ വന്നത്. കഞ്ഞി അവിടെ വച്ചിട്ട് ഓടി. ഞങ്ങള്‍ ഒരു നാല് സ്പൂണ്‍ ഉപ്പെടുത്ത് അതിലിട്ടു, എന്നിട്ട് ഒന്നും അറിയാത്ത പോലെ നിന്നു. പാവം ദീപു, അവന്‍ ഭയങ്കര സ്പീഡില്‍ ഓടിവന്ന് ഒരു സ്പൂണ്‍ ഉപ്പെടുതിട്ടു എന്നിട്ട് ഇളക്കി, ചിരിയുടെ മാലപ്പടക്കത്തിനു തിരി കൊളുത്തി അത് കുടിക്കാന്‍ വേണ്ടി വായില്‍ വച്ചു. അവന്റെ മുഖഭാവം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.

ആ റമളാന്‍ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ഞങ്ങളുടെ നോമ്പ് തുറയും, ഞങ്ങള്‍ സംഘടിപ്പിച്ച നോമ്പ് തുറയും. ഓര്‍മ്മയുടെ ആ വസന്ത കാലത്തില്‍ നിന്നു യാഥാര്‍ത്ഥ്യത്തിലേക്ക് നോക്കുമ്പോള്‍ ഒരാളുടെ കുറവ്. റബീസ് ഇന്നില്ല. നമ്മുടെ ഒപ്പം അന്നുണ്ടായവര്‍ ഇന്നുണ്ടാവനം എന്നില്ലല്ലോ, ഇന്നുണ്ടായവര്‍ നാളെ ഉണ്ടാവണം എന്നും ഇല്ല. അത് പ്രകൃതിയിലുള്ള അനിവാര്യതയാണ്.

വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് പോലെ “ഏതൊരു ശരീരവും മരണത്തെ ഒന്ന് രുചിച്ചു നോക്കും.”

we guys.